കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ വിചാരണ ചെയ്യാനുള്ള സിബിഐയുടെ അനുമതി അപേക്ഷ പുനഃപരിശോധിച്ച് 19നകം ഉചിത തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
പ്രോസിക്യൂഷന് അനുമതി മൂന്നുവട്ടം നിരസിച്ച സാഹചര്യത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരേ പരാതിക്കാരനായ കടകംപള്ളി മനോജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദീന്റെ നിര്‍ദേശം. ഹര്‍ജിയില്‍ തനിക്കെതിരേ കോടതയലക്ഷ്യ നടപടി സ്വീകരിച്ചതിനെതിരേ മുഹമ്മദ് ഹനീഷ് ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ തീര്‍പ്പാകും വരെ കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതില്‍നിന്ന് ഇളവും അനുവദിച്ചിട്ടുണ്ട്.
എന്നാല്‍, അപേക്ഷ പുനഃപരിശോധിച്ച് തീരുമാനമെടുക്കണമെന്ന മുന്‍ ഉത്തരവിലെ നിര്‍ദേശം പാലിച്ചിട്ടില്ലെന്നും ഡിവിഷന് ബെഞ്ച് സ്റ്റേ ഇല്ലാത്തപക്ഷം ഈ ഉത്തരവ് പാലിക്കണമെന്നുമാണ് കോടതിനിര്‍ദേശം. ഹര്‍ജി വീണ്ടും 19ന് പരിഗണിക്കും.
കശുവണ്ടി വികസന കോര്പറേഷന് 2006-2015 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്. കോര്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്. ചന്ദ്രശേഖരനും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷുമാണ് കേസിലെ മുഖ്യപ്രതികള്‍.